അഗളി: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിലവിലുള്ള ഡയാലിസിസ് യൂണിറ്റ് വിപുലീകരിച്ച് പ്രതിമാസം ആയിരം ഡയാലിസിസ് നടത്താൻ കഴിയുന്ന ആധുനിക ഡയാലിസിസ് സെന്റർ സ്ഥാപിക്കാൻ ധാരണയായി.
ഇതുമായി ബന്ധപ്പെട്ട് ആശുപത്രി ഹാളിൽ നടന്ന യോഗത്തിൽ 1.05 കോടി രൂപ ധനസഹായം നൽകുമെന്ന് ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ പ്രതിനിധികൾ അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അല്ലൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു സിറിയക്, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ തുളസി ആനന്ദ്, ആശുപത്രി സൂപ്രണ്ട് ഡോ. ഷിജിൻ ജോൺ ആളൂർ, ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ പ്രതിനിധികളായ ആർഎംഒ ഡോ. മിഥുൻ, പിആർഒ ഗഫൂർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പദ്ധതി യുദ്ധകാല അടിസ്ഥാനത്തിൽ നടപ്പാക്കുമെന്നും ഇതുവഴി സൗജന്യമായും സമയബന്ധിതമായും ചികിത്സ ലഭ്യമാക്കാൻ സാധിക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.